Home NewsKerala പുതുതായി നിർമിക്കുന്ന ഫ്ളാറ്റുകളിൽ എൽ.പി.ജിലൈൻ നിർബന്ധമാക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

പുതുതായി നിർമിക്കുന്ന ഫ്ളാറ്റുകളിൽ എൽ.പി.ജിലൈൻ നിർബന്ധമാക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

by editor

സംസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന എല്ലാ ഫ്‌ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എൽ.പി.ജി പൈപ്പ് ലൈൻ സംവിധാനം നിർബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നിലവിലുള്ള കെട്ടിടങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ ഈ സംവിധാനം ഒരുക്കണം.

കേരളത്തിൽ ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയായതിനാൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കൂടുതൽ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങൾക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല യാഥാർത്ഥ്യമായാൽ സുരക്ഷിതമായ രീതിയിൽ ചെലവ് കുറഞ്ഞ പാചകവാതകം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി സാധിക്കും. എൽ.പി.ജി സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ വഴിയുടെ വീതി നിലവിൽ ഏഴു മീറ്ററാണ്. അത് ആറു മീറ്ററാക്കി കുറയ്ക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

You may also like

Leave a Comment