Home NewsKerala ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുതെന്ന് ബാലാവകാശ കമ്മീഷൻ

ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുതെന്ന് ബാലാവകാശ കമ്മീഷൻ

by editor

അദ്ധ്യയന വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ  അനുവദിക്കാതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവർത്തിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ ഡീപ്രൊമോട്ട് ചെയ്യുന്നത് അനുവദിക്കരുതെന്നും കമ്മീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, സി.ബി.എസ്.ഇ മേഖല ഓഫീസർ എന്നിവർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

കോവിഡ് മഹാമാരിയെ തുടർന്ന് ഫീസ് ഒടുക്കാനാകാതെ എറണാകുളം ജില്ലയിലെ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ തുടർപഠനം മുടങ്ങുകയും സർക്കാർ സ്‌കൂളിൽ ചേർക്കാൻ ശ്രമിച്ചപ്പോൾ ആധാർ നമ്പർ സ്‌കൂളിൽ നിന്ന് നീക്കം ചെയ്യാതെ സ്‌കൂൾ അധികൃതർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുകയും ചെയ്തു എന്ന പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.  ആദ്യവർഷങ്ങളിൽ സ്‌കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്ന തന്റെ മകൻ ഇതോടെ മാനസികമായി തകർന്നതായി കുട്ടിയുടെ പിതാവ് ബോധിപ്പിച്ചു.

നിലവിലെ മാനദണ്ഡങ്ങൾക്കും കോവിഡ്  മഹാമാരി കാലത്ത് വിവിധ കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾക്കും വിധേയമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫീസ് ഈടാക്കാവുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഫീസ് കുടിശ്ശിക ഉണ്ടെന്ന കാരണത്താൽ അധ്യയനവർഷം പൂർത്തീകരിച്ച വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ പ്രമോട്ട് ചെയ്യാതിരിക്കുന്നതും ബാലാവകാശ ലംഘനവും 2009 ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരും ആണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

You may also like

Leave a Comment