Home NewsKerala കുതിരവട്ടം ചിറയില്‍ മത്സ്യോത്പ്പാദനത്തോടൊപ്പം ടുറിസം സാധ്യതയും പ്രയോജനപ്പെടുത്തും : മന്ത്രി സജി ചെറിയാന്‍

കുതിരവട്ടം ചിറയില്‍ മത്സ്യോത്പ്പാദനത്തോടൊപ്പം ടുറിസം സാധ്യതയും പ്രയോജനപ്പെടുത്തും : മന്ത്രി സജി ചെറിയാന്‍

by editor

post

ആലപ്പുഴ: ജില്ലയിലെ വിപുലമായ രീതിയിലുള്ള, എല്ലാ സൗകര്യങ്ങളോടുംകൂടിയ അക്വാ ടൂറിസം പാര്‍ക്ക് കുതിരവട്ടം ചിറയില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരുന്നതായി  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുതിരവട്ടം ചിറയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ചെങ്ങന്നൂരില്‍ ടൂറിസം മുന്‍നിര്‍ത്തി പദ്ധതികള്‍

നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യകൃഷി നടത്തുന്നതിനായി കേജ് ഫാമിംഗ് യൂണിറ്റ്, നാടന്‍ മത്സ്യങ്ങള്‍, മത്സ്യ വിത്തുള്‍പ്പാദനം എന്നിവയ്ക്കയായി ഹാച്ചറിയും അനുബന്ധ സൗകര്യങ്ങളുമുള്ള യൂണിറ്റ് സംവിധാനവും പദ്ധതിയില്‍ ഉണ്ട്. അതോടൊപ്പം പ്രകൃതി രാമണീയമായ സ്ഥലമായതിനാല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനും, നടക്കുന്നതിനും, സൈക്കിള്‍ ട്രാക്ക്, ജിം, ഡോര്‍മിറ്ററി സൗകര്യങ്ങളും ഒരുക്കും. മത്സ്യവില്‍പ്പനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഔട്ട്ലെറ്റ്, മത്സ്യം പാകം ചെയ്യുന്നതിനായി റെസ്റ്റോറന്റ് സംവിധാനങ്ങളും ഒരുക്കും.

ബയോ ഡൈവേഴ്‌സിറ്റി കണ്‍സെര്‍വേഷനുമായി ബന്ധപ്പെട്ട് ‘മിയാ വാക്കി ‘ വനവും, പാര്‍ക്കിംഗ് സൗകര്യങ്ങളും, കോണ്‍ഫറന്‍സ് ഹാള്‍, ബോട്ടിങ്ങ് സംവിധാനവും ആംഗ്ലിംഗ് ക്ലബ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധ്യതകള്‍ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി.

തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷേയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍റോ, ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരള ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. മഹേഷ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗ്ഗീസ്, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി. സി. സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആര്‍. രമേശ് കുമാര്‍, ബി. ബാബു, ബിന്ദു ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

You may also like

Leave a Comment